തിരുവല്ല: വാർധക്യത്തിലേക്ക് നീങ്ങുന്ന രക്ഷിതാക്കളുടെ പരിചരണം മക്കളുടെ ഉത്തരവാദിത്വമാണെന്നും ഹൃദയത്തിലാണ് അവരുണ്ടാകേണ്ടതെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സ്നേഹതീരം പകൽവീടിന്റെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പണവും സമ്പത്തുമൊന്നുമല്ല വയോജനങ്ങൾക്ക് വേണ്ടത്, പകരം സ്നേഹവും സാന്ത്വനവും ബഹുമാനവും പരിഗണനയുമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. കൂട്ടുകുടുംബ സമ്പ്രദായം മാറി ഭിന്നിച്ച് അണുകുടുംബങ്ങളിലേക്ക് മാറിയതോടെ സങ്കീർണമായ ഒട്ടേറെ പ്രശ്നങ്ങൾ ഉടലെടുത്തു. ഞാനും എന്റെ ഭാര്യയും കുട്ടികളും എന്ന ചിന്താഗതിയിലേക്ക് മാറി.
നഗരവത്കരണവും വ്യവസായവത്കരണവുമൊക്കെ പ്രശ്നങ്ങൾ സങ്കീർണമാക്കി. വയോജന കേന്ദ്രങ്ങളും അനാഥാലയങ്ങളും ഒരു സമൂഹത്തിന്റെ നല്ല പ്രതീകങ്ങളല്ല. വിദ്യാഭ്യാസ രീതിയിലെ മാറ്റങ്ങളും ഇതിന് കാരണമായിട്ടുണ്ടെന്ന് ഗവർണർ പറഞ്ഞു.
കെ.പി. വിജയൻ അധ്യക്ഷത വഹിച്ചു. മിസോറാം മുൻ ഗവർണർ പി.എസ് ശ്രീധരൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ്, പോത്തൻകോട് ശാന്തിഗിരി ആശ്രമം സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത ആർച്ച് ബിഷപ് കുറിയാക്കോസ് മാർ സേവേറിയോസ്, ശിവഗിരി മഠം കുറിച്ചി അദ്വൈത വിദ്യാശ്രമം അദ്ധ്യക്ഷൻ സ്വാമി വിശാലാനന്ദ, ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദ, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പിആർഒ ഫാ.സിജോ പന്തപ്പള്ളിൽ, തുകലശേരി മഖ്ദൂംപള്ളി ചീഫ് ഇമാം നവാസ് സഖാഫി ആറാട്ടുപുഴ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
ആന്റോ ആന്റണി എംപി, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, എസ്എൻഡിപിയോഗം തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി, ചലച്ചിത്ര സംവിധായകൻ ബ്ലസി, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ഫ്രണ്ട്സ് ഓഫ് യോഗ ഗ്ലോബൽ സ്ഥാപകൻ ഗുരുജി മാധവൻ, ക്നാനായ സമുദായ സെക്രട്ടറി ടി.ഒ.ഏബ്രഹാം, കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ് എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോർഡിനേറ്റർ മധു പരുമല സ്വാഗതവും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ നന്ദിയും പറഞ്ഞു.